സീറോ മലബാർ സഭയുടെ ആദ്യ പ്രേഷിതതാരം ബഹുമതി ശ്രീ മരിയദാസിന് .
സീറോ മലബാർ സിനഡ് ഏർപ്പെടുത്തിയ പ്രേഷിതതാരം ബഹുമതിക്ക് ആദ്യമായി അർഹനായ തക്കല രൂപതയിൽ നിന്നുള്ള മരിയദാസിന് സഭയുടെ പിതാവും തലവനുമായ
മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് ബഹുമതി സമ്മാനിച്ചു. 2019 ജനുവരി മാസത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന മെത്രാന്മാരുടെ സിനഡാണ്
സീറോ മലബാർ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ അനിതരസാധാരണമാം വിധം സഹകാരികളാകുന്നവർക്കു
വേണ്ടി ഇങ്ങനെയൊരു ബഹുമതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന്, തക്കല രൂപതയുടെ സ്ഥാപനത്തിന്
മുൻപേതന്നെ അവിടുത്തെ പ്രേഷിത പ്രവർത്തനങ്ങളിൽ സഹകാരിയാവുകയും പല മിഷൻ കേന്ദ്രങ്ങളുടെ
സ്ഥാപനത്തിലും വളർച്ചയിലും മുഖ്യ പങ്ക് വഹിക്കുകയും രൂപതയുടെ വളർച്ചയ്ക്കായി ഏറെ പരിശ്രമിക്കുകയും ചെയ്ത ശ്രീ മരിയദാസിന് ഈ ബഹുമതി നൽകാൻ 2020 ജനുവരി മാസം നടന്ന സിനഡ് സമ്മേളനത്തിൽ തീരുമാനമായി.
സഭാദിന ആഘോഷങ്ങളുടെ സമയത്ത് നടത്താനിരുന്ന ഈ ബഹുമതി നൽകൽ ചടങ്ങ്, കോവിഡ് മഹാമാരിമൂലം
സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം മാറ്റിവയ്‌ക്കേണ്ടി വന്നു. തുടർന്ന്, ആഗസ്റ്റ് മാസം 28ന്
സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന ഒരു സ്വകാര്യ പരിപാടിയിൽ വച്ച്
ശ്രീ മരിയദാസിന് ഈ ബഹുമതി സമ്മാനിക്കുകയായിരുന്നു. തദവസരത്തിൽ, തക്കല രൂപതാദ്ധ്യക്ഷൻ
മാർ ജോർജ്ജ് രാജേന്ദ്രൻ പിതാവും സീറോമലബാർ സഭയുടെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ
പിതാവും മൗണ്ട് സെന്റ് തോമസിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സന്നിഹിതരായിരുന്നു.
ക്രൈസ്തവർ എന്ന നിലയിൽ തങ്ങളുടെ ശുശ്രൂഷകൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ
സിറോമലബാർ സഭയുടെ ക്രൈസ്തവ ആത്മീയത, സഭാ ജീവിതം, ദൈവശാസ്ത്രം, ചരിത്രം, അജപാലനം,
മിഷനറി പ്രവർത്തനം എന്നിവയുടെ വളർച്ചയ്ക്കും സമ്പുഷ്ടീകരണത്തിനും ആയി മികച്ച സംഭാവന നൽകിയ
വ്യക്തികളെ ബഹുമാനിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായിട്ടാണ്
സിറോ-മലബാർ സഭയിലെ മെത്രാന്മാരുടെ സിനഡ് ചില ബഹുമതികളും പദവികളും അവാർഡുകളും
ഏർപ്പെടുത്തിയിരിക്കുന്നത്. വൈദികരത്നം, മല്പാൻ, സഭാതാരം, പ്രേഷിതതാരം എന്നിവയാണ് സഭയുടെ ഔദ്യോഗിക ബഹുമതികൾ.